ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1930-കളില്‍ അളഗപ്പനഗര്‍ പ്രദേശത്തിന്റെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക മാറ്റങ്ങള്‍ക്ക് വഴിതെളിയിച്ചത് അളഗപ്പ ടെക്സ്റ്റൈയില്‍സ് എന്ന സ്ഥാപനം സ്ഥാപിക്കപ്പെടുന്നതോടെയാണ്. വനവിഭവങ്ങളും നാടന്‍കൃഷിയും മറ്റുമായിരുന്നു അതുവരെ ഈ പ്രദേശത്തിന്റെ സാമ്പത്തികാടിത്തറ. അളഗപ്പ ടെക്സ്റ്റൈയില്‍സിലേക്ക് തൊഴിലിനായി വിവിധ പ്രദേശങ്ങളില്‍നിന്നു വന്ന തൊഴിലാളികളും അവരുടെ സംഘടനാപ്രവര്‍ത്തനങ്ങളും ഈ നാടിന്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടാക്കിയ പരിവര്‍ത്തനം വര്‍ണ്ണനാതീതമാണ്. 1938 ഫ്രെബുവരി 25-നാണ് ഈ പ്രദേശത്ത് ആദ്യമായി ഒരു പ്രക്ഷോഭം നടക്കുന്നത്. അളഗപ്പ മില്ലിലെ തൊഴിലാളികള്‍ നടത്തിയ സമരമായിരുന്നു ആ പ്രക്ഷോഭം. കമ്പനിതൊഴിലാളികളായി ഈ പ്രദേശത്തെ തൊഴിലാളികള്‍ക്കു പുറമെ തമിഴുപ്രമാണികുടുംബങ്ങളില്‍ പെട്ടവരും ധാരാളമുണ്ടായിരുന്നു. അതില്‍ തമിഴുതൊഴിലാളികള്‍ക്ക് മറ്റുള്ളവരെക്കാള്‍ കൂടിയ കൂലിനിരക്കും മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും മാനേജ്മെന്റ് നല്‍കിയിരുന്നു. മാനേജ്മെന്റിന്റെ ഈ നടപടി പ്രാദേശിക തൊഴിലാളികളില്‍ അസംതൃപ്തി ഉളവാക്കി. ഇതിന്റെ ഭാഗമായി കൂലി ഏകീകരണമാവശ്യപ്പെട്ടുകൊണ്ട് തദ്ദേശവാസികളായ തൊഴിലാളികള്‍ സമരം ആരംഭിച്ചു. സമരത്തെ നേരിടുന്നതിന് മാനേജ്മെന്റ് തമിഴുവംശജരെ ഉപയോഗപ്പെടുത്തി. ഇതേതുടര്‍ന്ന് രൂക്ഷമായ സംഘട്ടനം നടന്നു. അതോടെ സമരത്തിന്റെ ദിശ ഒരു വംശീയസംഘട്ടനം എന്ന നിലയിലേക്ക് നീങ്ങിയെന്ന അഭിപ്രായമുയര്‍ന്നു. എന്തായാലും ഈ സംഘട്ടനത്തെ തുടര്‍ന്ന് തമിഴുവംശജരായ പ്രമാണികള്‍ ഇവിടം വിട്ട് സ്വദേശത്തേക്ക് തിരിച്ചുപോയി. പിന്നെ അവശേഷിച്ചവരാകട്ടെ എവിടെയായാലും ജീവിക്കാന്‍ വകയില്ലാത്തവരായിരുന്നു. ഇതോടെ ആമ്പല്ലൂരിലെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യകാല ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകരില്‍ തമിഴ്നാട്ടിലെ തിരൂപ്പൂര്‍ സ്വദേശിയായ കാളിയപ്പന്‍ എന്നും സ്മരണീയനാണ്. അചഞ്ചലനും ധീരനും വര്‍ഗ്ഗബോധമുള്ള വ്യക്തിയുമായിരുന്നു കാളിയപ്പന്‍. തമിഴുതൊഴിലാളികളെ പ്രീണിപ്പിച്ച് മാനേജ്മെന്റ് അവരെ സ്വന്തം താല്‍പര്യസംരക്ഷകരാക്കി നിറുത്തിയപ്പോള്‍ കാളിയപ്പന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചു. അളഗപ്പ ടെക്സ്റ്റൈല്‍സ് ആരംഭിച്ചതോടെ ആമ്പല്ലൂര്‍ ദേശീയരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കൂടി ഒരു ശ്രദ്ധാകേന്ദ്രമായി ഉയര്‍ന്നു. അന്നത്തെ സ്വാതന്ത്ര്യസമര ഭടന്മാര്‍ ആമ്പല്ലൂരും പരിസര പ്രദേശങ്ങളും ഒളിത്താവളമാക്കി മാറ്റി. മണ്ണംപേട്ടയിലെ ഒരു വീട്ടില്‍നിന്ന് (പൊറത്തൂക്കാരന്‍) ഒളിവിലിരുന്ന കെ.കെ.വാര്യരെ പോലീസ് പിടിക്കുകയും രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കല്ലച്ച് തലയിലേറ്റി റോഡിലൂടെ നടത്തി അതിക്രൂരമായി മര്‍ദ്ദിക്കുകയുമുണ്ടായി. 1944-ലോടുകൂടി ഇവിടത്തെ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന് ഒരു പുതിയ ഉണര്‍വ്വും ദിശാബോധവും സംഘടനാശേഷിയും കൈവന്നു. അതോടെ ആമ്പല്ലൂര്‍ പ്രദേശമടങ്ങുന്ന അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ചരിത്രം കേരളത്തിലെ ട്രേഡ്യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ കൂടി ഭാഗമായി. 1945-46 കാലത്താണ് ഏറ്റവും ശക്തമായ ട്രേഡ്യൂണിയന്‍ പ്രക്ഷോഭം ഇവിടെ നടക്കുന്നത്. 42 ദിവസം നീണ്ടുനിന്ന പണിമുടക്കായിരുന്നു അത്. പോലീസും ഗുണ്ടകളും സമരത്തെ കാര്യമായിത്തന്നെ നേരിട്ടു. സമരത്തെ നേരിടുന്നതിന് ഒരു പോലീസ് സ്റ്റേഷന്‍ തന്നെ ഇവിടെ ഉണ്ടാക്കി. ഇന്നത്തെ പോളിടെക്നിക്കിലെ എന്‍.എസ്സ്.എസ്സ് ഓഫീസില്‍ കയറിച്ചെന്നാല്‍ ലോക്കപ്പ് റൂം ഇന്നും കാണാം. അന്നത്തെ കോടതിമുറി ഇന്നത്തെ മാതൃഭൂമി ഏജന്റ് കെ.പി.പൌലോസിന്റെ വീടാണ്. ഒളിവിലിരിക്കുന്ന പി.എസിനെ തേടിയായിരുന്നു മര്‍ദ്ദനം. ആമ്പല്ലൂരിലെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ സ്വാധീനത്തില്‍ നിന്നാണ് ഇവിടത്തെ കര്‍ഷകപ്രസ്ഥാനം രൂപംകൊള്ളുന്നത്. 1947-ന് ശേഷമാണ് കര്‍ഷകര്‍ സംഘടിതമായി രംഗത്തിറങ്ങുന്നത്. 1948-ല്‍ വട്ടാണത്രയില്‍ വച്ചുനടന്ന കര്‍ഷകസംഘം വഴിക്കപാടം വില്ലേജ് സമ്മേളനത്തോടെ, ഇവിടെ കര്‍ഷകപ്രസ്ഥാനം ശക്തി പ്രാപിക്കുവാന്‍ തുടങ്ങി. തെലുങ്കാനനഗര്‍ എന്നായിരുന്നു സമ്മേളനനഗരിയുടെ പേര്‍. ഭൂരിഭാഗം കര്‍ഷകരും അന്ന് പാട്ടത്തിന് കൃഷി നടത്തുന്നവരായിരുന്നു. അന്നത്തെ പാട്ടവ്യവസ്ഥയുടെ നിര്‍ദ്ദയത്വം മൂലം കര്‍ഷകരുടെ ദാരിദ്ര്യം വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു. കര്‍ഷകരുടേതിനേക്കാള്‍ ശോചനീയമായിരുന്നു കര്‍ഷകതൊളിലാളികളുടെ അവസ്ഥ. വഴിക്കപ്പാടം വില്ലേജ് സമ്മേളനത്തോടെ കര്‍ഷകരില്‍ സമരോത്സുകത വളര്‍ന്നു. രശീതി നല്‍കാത്ത ജന്മിക്ക് ഇനിമേല്‍ പാട്ടം നല്‍കേണ്ടതില്ലെന്ന് സമ്മേളനം തീരുമാനിച്ചു. അതിനെത്തുടര്‍ന്ന് വ്യാപകമായ തോതില്‍ കൃഷിഭൂമി ഒഴിപ്പിക്കാനുള്ള ശ്രമം ഉടമകളുടെ ഭാഗത്തുനിന്നുണ്ടായി. ഇതിനെതിരെ ഈ പ്രദേശത്തെ ജനങ്ങള്‍ സമര്‍ത്തിലേര്‍പ്പെട്ടു. മറ്റൊരു പ്രക്ഷോഭണത്തിന്റെ ഭാഗമായി അറക്കല്‍ കുഞ്ഞികൃഷ്ണന്‍ നായരെന്ന ജന്മിയുടെ ഭൂമി ഒഴിപ്പിച്ച് ജന്മി ഇറക്കിയ കൃഷി കര്‍ഷകര്‍ ഉഴുതുമറിച്ച് അവിടെ വീണ്ടും കൃഷിയിറക്കി. 1947-ന് ശേഷവും ഇവിടെ ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്നു. ഈ വ്യവസ്ഥക്കെതിരായി പൂക്കോട് മേടംകുളങ്ങര കേന്ദ്രീകരിച്ച് സമരം നടന്നു. 1927-ല്‍ ആദ്യത്തെ സ്കൂളായ വെണ്ടൂര്‍ എല്‍.പി.സ്കൂള്‍ സ്ഥാപിച്ചുവെങ്കിലും ഭൂപരിഷ്കരണത്തിനുശേഷമാണ് സാമാന്യജനതക്ക് ഈ രംഗത്തേക്ക് കടന്നുവരാന്‍ കഴിഞ്ഞത്. ട്രേഡ് യൂണിയന്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ സാംസ്കാരികമായ ഉണര്‍വ്വ് 1952-ല്‍ മണ്ണംപേട്ടയില്‍ ഒരു ഗ്രാമീണ വായനശാലയുടെ സ്ഥാപനത്തിന് വഴിതെളിച്ചു. അതേ വര്‍ഷം തന്നെ ആമ്പല്ലൂരില്‍ എ.സി.എം ലൈബ്രറി സ്ഥാപിതമായി. 1959-ല്‍ ആണ് വരാക്കര ജയകേരളവായനശാല രജിസ്റ്റര്‍ ചെയ്യുന്നതെങ്കിലും യുവജന സ്പോര്‍ട്സ് ക്ലബ്ബിന്റേയും, ഉദയകലാസമിതിയുടേയും പ്രവര്‍ത്തനങ്ങള്‍ നിലവിലുണ്ടായിരുന്നു. ഏതാണ്ടിതേ കാലത്തുതന്നെ മഹാത്മാ വായനശാല വട്ടണാത്രയില്‍ രൂപംകൊണ്ടു. ഇടക്കാലത്ത് നിലച്ചുപോയെങ്കിലും പൂക്കോട് ഐക്യമേള കലാസമിതി നാടകരംഗത്തും കലാരംഗത്തും പ്രകടിപ്പിച്ച കുതിച്ചുചാട്ടം സംസ്ഥാനത്തിനുതന്നെ മാതൃകയായിരുന്നു. പൂക്കോട് വിജയ കലാസമിതി, ആമ്പല്ലൂര്‍ പി.എസ്.സ്മാരക ലൈബ്രറി, വരാക്കര ജയകേരള വായനശാല എന്നിവയും സാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രധാന സ്ഥാപനങ്ങളാണ്. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച യശ:ശരീരരായ വിജയന്‍ കരോട്ട് (സിനിമ), രവി ആമ്പല്ലൂര്‍, രവി പൂക്കോട് (നാടകം) എന്നിവര്‍ ഗ്രാമത്തിന്റെ അഭിമാനസ്തംഭങ്ങളാണ്. സാഹിത്യ, ശാസ്ത്ര, പത്രപ്രവര്‍ത്തന രംഗങ്ങളിലും സംഗീതം, നാടകം, കവിത, അക്ഷരശ്ലോകം, നാടന്‍പാട്ട്, വാദ്യകല തുടങ്ങിയ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേര്‍ ഈ പഞ്ചായത്തിലുണ്ട്. ഹൈന്ദവ ആരാധനാലയങ്ങള്‍ ഒട്ടനവധി ഉണ്ടെങ്കിലും വരാക്കര ഭഗവതിക്ഷേത്രം, മേടംകുളം ശാസ്താക്ഷേത്രം, കുണ്ടുകാവ് ഭഗവതിക്ഷേത്രം, പൂക്കോട് ഭഗവതിക്ഷേത്രം, പച്ചളിപ്പുറം അയ്യപ്പന്‍കുന്ന് ക്ഷേത്രം എന്നിവയാണ് മുഖ്യമായവ. പ്രമുഖ ക്രിസ്ത്യന്‍ദേവാലയങ്ങള്‍ വെണ്ടോര്‍ സെന്റ് മേരീസ് ചര്‍ച്ച്, വരാക്കര സെന്റ് ആന്റണീസ് ചര്‍ച്ച്, മണ്ണംപേട്ട മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ച് എന്നിവയാണ്. കൂടാതെ സുറിയാനി മാര്‍ത്തോമ്മാ വിഭാഗക്കാരുടെ ഓരോ ദേവാലയങ്ങളും ഇവിടെയുണ്ട്. ക്ഷേത്രപ്രവേശനവിളംബരം നടപ്പാക്കിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ക്ഷേത്രം നടത്തിപ്പുകാര്യങ്ങളില്‍ ഇന്നും പിന്നോക്ക വിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്നുണ്ട്. പഞ്ചായത്തില്‍ മൂന്ന് സിനിമാശാലകളാണുള്ളത്. കൂടാതെ ജനകീയ സിനിമകളെ പരിചയപ്പെടുത്തിയ മാസ് ഫിലിം സൊസൈറ്റിയും പ്രൊഫഷണല്‍ നാടകങ്ങളുടെ അരങ്ങേറ്റം സാധ്യമാക്കിയ ചൈതന്യയും ഈ രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളാണ്. മാറ്റത്തിന്റെ കാറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് ആദ്യകാലത്തു നിലനിന്നിരുന്ന നിലത്തെഴുത്തു സമ്പ്രദായത്തില്‍ നിന്നും ചെറിയൊരു മോചനത്തിന് കളമൊരുങ്ങുന്നത് 1927-ല്‍ ആമ്പല്ലൂര്‍ വില്ലേജില്‍ വെണ്ടൂര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഒരു ലോവര്‍ പ്രൈമറിസ്കൂള്‍ ആരംഭിച്ചതോടെയാണ്. പഞ്ചായത്തില്‍ 6 എല്‍.പി.സ്കൂളുകളും, 4 യു.പി സ്കൂളുകളും ഒരു പോളിടെക്നിക്കും പ്രവര്‍ത്തിക്കുന്നുണ്ട്.